തൊടുപുഴയിലെ മുതിർന്ന അഭിഭാഷകനും നിയമജ്ഞനുമായ അഡ്വ. കെ ടി തോമസ് കക്കുഴിക്ക് ഡെസിഗ്നേറ്റഡ് സീനിയർ പദവി നൽകാൻ ചീഫ് ജസ്റ്റിസ് സൗമൻ സെന്നിൻ്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹൈക്കോടതിയുടെ ഫുൾ കോർട്ട് തീരുമാനിച്ചു. ഹൈക്കോടതി അംഗീകരിച്ച ലിസ്റ്റില്‍ നിന്നും ജില്ലാ ജുഡീഷ്യറിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ സീനിയര്‍ പദവി ലഭിച്ച ഏക വ്യക്തിയാണ് കെ ടി തോമസ്. മുമ്പ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാത്രമായിരുന്നു ഈ പദവി നല്‍കിയിരുന്നത്.
1962 ൽ അഡ്വ ദേവസ്യ കാപ്പൻ്റെ കീഴിൽ തൊടുപുഴയിൽ പ്രാക്ടീസ് ആരംഭിച്ച കെ ടി തോമസിന് 64 വർഷത്തെ പ്രാക്ടീസ് ഉണ്ട്. ഇപ്പോഴും സജീവമായി കോടതികളിൽ കേസുകൾ കൈകാര്യം ചെയ്യുന്നു. സിവിൽ, ക്രിമിനൽ കേസുകളില്‍ ഒരു പോലെ മികവ് തെളിയിച്ച പ്രഗത്ഭനാണ് അദ്ദേഹം. 1968ൽ ജുഡീഷ്യൽ ഓഫീസർ ആയി നിയമനം ലഭിച്ചെങ്കിലും അത് സ്വീകരിക്കാതെ അദ്ദേഹം പ്രാക്ടീസ് തുടർന്നു. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ കൊലക്കേസുകൾ നടത്തിയിട്ടുള്ള അഭിഭാഷകനാണ് അദ്ദേഹം. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയർമാൻ അഡ്വ ജോസഫ് ജോൺ ഉള്‍പ്പെടെ 200ൽ പരം ജൂനിയർ അഭിഭാഷകർ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇവരിൽ 2 ഹൈക്കോടതി ജഡ്ജിമാരും, 4 ജില്ലാ ജഡ്ജിമാരും ഉൾപ്പെടുന്നു. തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡൻ്റായും 2 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1997 -2000 കാലത്ത് കേരള ബാർ ഫെഡറേഷൻ പ്രസിഡണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്ത് കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി അംഗമായിരുന്നു. നിരവധി ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും നിയമോപദേശകൻ ആയിട്ടുള്ള അദ്ദേഹം പ്രാക്ടീസിന് ഒപ്പം സാമൂഹ്യ പ്രവർത്തന രംഗത്തും കാര്‍ഷിക മേഖലയിലും സജീവമായിരുന്നു. തൊടുപുഴ ജൂനിയർ ചേംബർ സ്ഥാപക പ്രസിഡൻ്റ്, തൊടുപുഴ താലൂക്ക് സഹകരണ സർക്കിൾ യൂണിയൻ പ്രഥമ ചെയർമാൻ, ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, തൊടുപുഴ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഇടുക്കി ജില്ലാ റൈഫിൾ ക്ലബ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൻ്റെ സ്ഥാപക ഡയറക്ടർ ആയ അദ്ദേഹം കോതമംഗലം രൂപതയുടെ ധനകാര്യ മാനേജിങ് കമ്മിറ്റി അംഗമായും രൂപതയുടെ നിയമോപദേശകനായും വർഷങ്ങളായി പ്രവർത്തിച്ച് വരുന്നു. നിയമരംഗത്തെ 64 വർഷത്തെ പ്രവർത്തന പാരമ്പര്യം കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് സീനിയർ പദവി നൽകാൻ ഹൈക്കോടതി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ മകന് അഡ്വ ടോം തോമസ് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.





