അടിമാലി: വാടകവീട് കേന്ദ്രീകരിച്ച് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവതിയും ആൺസുഹൃത്തും എക്സൈസ് പിടിയിൽ. ഇരുട്ടുകാനം കിഴക്കേകുരുവിതടത്തിൽ അലൻ സിബി (26), മന്നാംകണ്ടം അടിമാലി പുത്തൻപുരയ്ക്കൽ ജിൻസി (36) എന്നിവരെയാണ് അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 9.546 ഗ്രാം എം.ഡി.എം.എയും 5 ഗ്രാം ഉണക്ക കഞ്ചാവും കണ്ടെടുത്തു.
അടിമാലി മന്നാംകാല ഭാഗത്ത് പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഒന്നാം പ്രതിയായ അലനെ മുൻനിർത്തി മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നു രണ്ടാം പ്രതിയായ ജിൻസിയെന്ന് എക്സൈസ് വ്യക്തമാക്കി. കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത് ജിൻസിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ. ദിലീപ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ റോജിൻ അഗസ്റ്റിൻ, അരുൺ രാജ്, അലി അഷ്കർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിമിഷ ജയൻ, വിസ്മയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എസ്. ഷാജി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.





