തൊടുപുഴ: തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് & ടെക്നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പും നിയമവിരുദ്ധ നടപടികളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് നിവേദനം നൽകി. ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിമാരായ ചാർലി ആന്റണി, ജാഫർ ഖാൻ മുഹമ്മദ്, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജു ഓടയ്ക്കൽ, തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എച്ച്. സജീവ് എന്നിവരാണ് പരാതി സമർപ്പിച്ചത്.
2012-ൽ സംസ്ഥാനതലത്തിൽ രജിസ്റ്റർ ചെയ്ത ഈ സൊസൈറ്റി ഏകദേശം 13 കോടി രൂപയുടെ നിക്ഷേപവും 236-ഓളം എ ക്ലാസ്, ബി ക്ലാസ് അംഗങ്ങളുമായി മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തൊടുപുഴയിലെ ചില സിപിഐഎം നേതാക്കളുടെ പിന്തുണയോടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചതോടെ സംഘം ആറുവർഷത്തിലധികമായി സിപിഐഎം നിയന്ത്രണത്തിലാണെന്ന് നേതാക്കൾ ആരോപിച്ചു.
ലീഗൽ മെട്രോളജി ലൈസൻസികൾക്കും ലേബർ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച ടെക്നീഷ്യൻമാർക്കും മാത്രമാണ് വോട്ടവകാശമുള്ള അംഗത്വത്തിന് അർഹത. നിക്ഷേപത്തിനോ ചിട്ടിക്കോ വോട്ടവകാശമില്ലാത്ത സാധാരണ അംഗത്വം നൽകാൻ കഴിയുമെങ്കിലും, ബി ക്ലാസിൽ അയോഗ്യരായവരെയും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സിപിഐഎം പ്രവർത്തകരെയും നിയമവിരുദ്ധമായി ചേർത്തു. തുടർന്ന് പരസ്പര ജാമ്യത്തിൽ ചട്ടങ്ങൾ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പകൾ അനുവദിച്ച് ഫണ്ട് തട്ടിയെടുത്തു. ഒരാൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ മാത്രമേ വായ്പ അനുവദിക്കാൻ പാടുള്ളൂവെന്ന നിയമം കാറ്റിൽപ്പറത്തി, സംഘത്തിന്റെ മുഴുവൻ ഫണ്ടും ചോർത്തുന്ന രീതിയിൽ വൻതുകകൾ വായ്പയായി നൽകി . അയോഗ്യരായ അംഗങ്ങൾക്കെതിരെ യഥാർത്ഥ സഹകാരികൾ നൽകിയ പരാതിയിൽ വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടന്ന ഹിയറിങ്ങിൽ രേഖകൾ ഹാജരാക്കാൻ കഴിയാതെ സിപിഐഎം നേതാക്കൾ ഹാജരാവാതിരുന്നതോടെ അവർ സ്വമേധയാ പുറത്തായി. എന്നാൽ ഇവർ എടുത്ത ലക്ഷക്കണക്കിന് രൂപയുടെ വായ്പകൾ ഇപ്പോഴും വൻകുടിശികയായി തുടരുകയാണ്. അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങൾ ഓഡിറ്റ് വിഭാഗം സഹകരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും, മുൻ സർക്കാരിന്റെ കാലത്ത് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ പൂഴ്ത്തിവെക്കുകയായിരുന്നു. സംസ്ഥാനതല സംഘമായതിനാൽ കേരള സഹകരണ രജിസ്ട്രാർക്കാണ് നടപടിയെടുക്കാൻ അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ രജിസ്ട്രാർക്കും അസിസ്റ്റന്റ് രജിസ്ട്രാർക്കും നൽകിയ പരാതികളിലും തുടർനടപടികൾ ഉണ്ടായില്ല. എന്നിങ്ങനെയാണ് ആരോപണം. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പുറത്താക്കി സമഗ്ര അന്വേഷണം നടത്തണമെന്നും സഹകാരികളുടെ നിക്ഷേപവും സ്ഥാപനവും സംരക്ഷിക്കാൻ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.





