തൊടുപുഴ: "പ്രകൃതി ചികിത്സയിലൂടെ ആരോഗ്യമുള്ള ഭാരതം" എന്ന സന്ദേശമുയർത്തി ഒൻപതാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ഇടുക്കി, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം. തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ജില്ലാതല ആഘോഷ പരിപാടികൾ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിക്കുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ പ്രകൃതിയോടിണങ്ങിയ ജീവിതരീതി അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. ഷീല സ്റ്റീഫൻ ഓർമ്മിപ്പിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി റെജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽസൺ വി. ജോർജ് സ്വാഗതവും, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലിം പി.ആർ ദിനാചരണ സന്ദേശവും നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മനോജ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് ആശംസകൾ നേർന്നു. തൊടുപുഴ ആശുപത്രി സൂപ്രണ്ട് ഡോ. മിനി ഹബീബ് നന്ദി പ്രകാശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഇടവെട്ടി നഗരവനത്തിൽ സംഘടിപ്പിച്ച 'പ്രകൃതിയോടൊപ്പം നടത്തവും യോഗയും' പരിപാടിയിൽ പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. വനത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ നടന്ന സൂര്യനമസ്കാരവും വിവിധ യോഗാ പ്രദർശനങ്ങളും ഏവരുടെയും ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉണർത്തി.

WhatsApp Image 2026-11-18 at 5.21.03 PM (1).jpeg

തൊടുപുഴ വിജിലൻസ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരായ അബിൻ എം. തടത്തിൽ, പി.എൻ. സുരേഷ് കുമാർ, കബീർ പി.എ എന്നിവർ നഗരവനത്തിലെ പരിപാടികൾക്ക് നേതൃത്വം നൽകി. പോഷകസമൃദ്ധവും പ്രകൃതിദത്തവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രഭാതഭക്ഷ്യമേള ഏറെ ശ്രദ്ധേയമായി. 'ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ജീവിതശൈലി' എന്ന വിഷയത്തിൽ ഡോ. അഞ്ചൽ കൃഷ്ണ ബോധവൽക്കരണ ക്ലാസ് നയിച്ചു. യോഗാസനങ്ങളെ താളാത്മകമായി കോർത്തിണക്കി അവതരിപ്പിച്ച യോഗ നൃത്തവും, പ്രകൃതി ചികിത്സയുടെ പ്രാധാന്യം വിളിച്ചോതുന്ന ചുവർചിത്ര പ്രദർശനവും മികച്ച ദൃശ്യവിരുന്നായി. രോഗപ്രതിരോധ ആരോഗ്യപരിചരണം പ്രോത്സാഹിപ്പിച്ചും സമൂഹത്തെ ശാക്തീകരിച്ചും ആരോഗ്യകരമായ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.


WhatsApp Image 2026-11-18 at 5.21.02 PM.jpeg