ചെറുതോണി - തൊടുപുഴ പൊതുറോഡിന് സമീപം വനാതിർത്തിയോട് ചേർന്ന് അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതിനിടെ ഒരാൾ പോലീസ് പിടിയിലായി. ഇടുക്കി വില്ലേജ് പൈനാവ് കരയിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപം കാവുംവാതിൽക്കൽ വീട്ടിൽ റോയി കെ.എം. (51) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം (നവംബർ 23) രാവിലെയാണ് സംഭവം. ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പ്രദേശത്ത് പെട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ, പാറേമാവ് ഫോറസ്റ്റ് ക്വാർട്ടേഴ്സ് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന കോഴിയുടെ ചീഞ്ഞ അറവുമാലിന്യങ്ങളും മറ്റ് ഭക്ഷണാവശിഷ്ടങ്ങളും റോഡരികിൽ നിക്ഷേപിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളുടെ കർശന നിർദ്ദേശങ്ങളും വിലക്കുകളും ലംഘിച്ചാണ് ഇയാൾ മാലിന്യം തള്ളിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഗുരുതര രോഗങ്ങൾ പടരാൻ കാരണമാകുന്ന രീതിയിലായിരുന്നു മാലിന്യ നിക്ഷേപം.

തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിസ്മോൻ, സിവിൽ പോലീസ് ഓഫീസർ അനീഷ് മോൻ കെ.വി. എന്നിവർ ചേർന്ന് പ്രതിയെ ഇടുക്കി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.