ദുബായ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര ഫുട്ബോള്‍ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. റൊണാള്‍ഡോയുടെ അസാധാരണമായ പ്രതിഭയെയും, ദൃഢനിശ്ചയത്തെയും, ലോക ഫുട്ബോളിന് നല്കിയ സമാനതകളില്ലാത്ത സംഭാവനകളെയും പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം പങ്കുവെച്ചു. ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും, പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും ഉയര്‍ന്ന ഗോള്വേട്ടക്കാരന് എന്ന റെക്കോര്‍ഡും ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫാന്റിനോ റൊണാള്‍ഡോയെ പ്രശംസിച്ചത്. 'ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ ഹൃദയങ്ങളെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ സ്പര്‍ശിച്ച കളിക്കാര്‍ വളരെ അപൂര്‍വ്വമാണ്. അസാധാരണമായ പ്രതിഭ, പതറാത്ത ദൃഢനിശ്ചയം, സാധ്യമായതിന്റെ അതിരുകള്‍ ഭേദിക്കാനുള്ള അചഞ്ചലമായ ആഗ്രഹം എന്നിവയാല്‍ നിര്വ്വചിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ കരിയര്‍. ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനും, പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനുമായ ക്രിസ്റ്റ്യാനോ തകര്‍ത്തുകളയാന്‍ പ്രയാസമുള്ള നാഴികക്കല്ലുകളാണ് കൈവരിച്ചത്' 'എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാരമ്പര്യം ഗോളുകള്‍ക്കും, ട്രോഫികള്‍ക്കും, റെക്കോര്‍ഡുകള്‍ക്കും വളരെ അപ്പുറത്താണ്. താല്പര്യത്തിനും, അവിസ്മരണീയ നിമിഷങ്ങള്‍ക്കും, ഞങ്ങളുടെ മനോഹരമായ ഈ കളിക്ക് നല്കിയ സംഭാവനകള്‍ക്കും നന്ദി ക്രിസ്റ്റ്യാനോ. നിങ്ങളുടെ അന്താരാഷ്ട്ര കരിയര്‍ ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമായി എന്നെന്നും നിലനില്ക്കും' -ഇന്‍ഫാന്റിനോ കുറിച്ചു. പോര്‍ച്ചുഗലിനായി 234 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടി ലോക റെക്കോര്‍ഡോടെയാണ് 41-കാരനായ റൊണാള്‍ഡോ തന്റെ 23 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. 2016-ല്‍ യൂറോ കപ്പ് കിരീടത്തിലേക്കും, 2019-ലും 2025-ലും യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങളിലേക്കും പോര്‍ച്ചുഗലിനെ നയിച്ചത് ക്രിസ്റ്റ്യാനോയുടെ ക്യാപ്റ്റന്‍സിയിലാണ്.
— കായികം
കൂടുതൽ →


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കല്‍: പോര്‍ച്ചുഗീസ് ഇതിഹാസത്തിന് ആദരമര്‍പ്പിച്ച് ഫിഫ
•2026 നവംബർ 6•3 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ
5 മണിക്കൂർ മുമ്പ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് തയ്യാറെടുത്ത് കേരളം, സഞ്ജു സാംസണ് ക്യാപ്റ്റനായേക്കും; ഇവരും ഇടം നേടിയേക്കും, സാധ്യതാ ടീമിതാ
5 മണിക്കൂർ മുമ്പ്

ലോക പഞ്ചഗുസ്തിയിൽ രണ്ട് സ്വർണം നേടി ഇടുക്കിയുടെ ജിൻസി ജോസ്; ചരിത്രനേട്ടത്തിൽ നാട് ഒന്നടങ്കം ആദരിക്കുന്നു
3 ദിവസം മുമ്പ്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

