ഗസ: ഗസയില്‍ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്. വെള്ളിയാഴ്ചയോടെ ഗസയെ ബാധിക്കുമെന്ന് കരുതുന്ന കാലാവസ്ഥാ വ്യതിയാനം ടെന്റുകളിലും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്നവരുടെ ജീവന് ഭീഷണിയാകുമെന്നാണ് മുന്നറിയിപ്പ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ മഴയിലും കാറ്റിലും ഭാഗികമായി നിലംപൊത്താനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. സുരക്ഷിതമായ അഭയകേന്ദ്രങ്ങള്‍ ഒരുക്കാനും കാലാവസ്ഥാ ദുരന്തങ്ങളില്‍നിന്ന് ആളുകളെ സംരക്ഷിക്കാനും അടിയന്തര സഹായം നല്‍കണമെന്ന് സന്നദ്ധ-മാനുഷിക സംഘടനകളോടും അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ ഏകോപന ഓഫീസ് ഒക്ടോബര്‍ 15ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഗസയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഏകദേശം 9.5 ലക്ഷം ഫലസ്തീനികള്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലാണ് കഴിയുന്നത്. ഇവരില്‍ നാല് ലക്ഷത്തിലധികം പേര്‍ ഉയര്‍ന്ന വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകളിലാണെന്ന് അനഡോലു റിപോര്‍ട്ട് ചെയ്തു. ഘടനാപരമായി തകര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കരുതെന്നും അത്തരം കെട്ടിടങ്ങള്‍ക്ക് സമീപം ടെന്റുകള്‍ സ്ഥാപിക്കരുതെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മഴയും കാറ്റും ശക്തമാകുമ്പോള്‍ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയാത്തവര്‍ ടെന്റുകളുടെ പ്ലാസ്റ്റിക് ഷീറ്റുകളും കുറ്റികളും ഉറപ്പിച്ച്‌ കെട്ടണം. ടെന്റുകള്‍ക്ക് ചുറ്റും മണ്ണുകൊണ്ട് തടയണ നിര്‍മിക്കുകയും മഴവെള്ളം ഒഴുകിപ്പോകാന്‍ ചാലുകള്‍ കീറുകയും വേണം. വെള്ളം കയറിയാല്‍ സാധനങ്ങള്‍ നശിക്കുന്നത് ഒഴിവാക്കാന്‍ അവ നിലത്തുനിന്ന് ഉയര്‍ത്തിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗസയിലെ സര്‍ക്കാര്‍ മാധ്യമ ഓഫീസ് ഓഗസ്റ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞിരുന്നു. ഇതില്‍ ഏകദേശം 8.67 ലക്ഷം പേര്‍ ജീര്‍ണിച്ച ടെന്റുകളിലും പത്തുലക്ഷത്തിലധികം പേര്‍ അഭയകേന്ദ്രങ്ങളിലുമാണ് കഴിയുന്നത്