വാഷിംഗ്ടണ്‍: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കുറിച്ച്‌ ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ പാർട്ടിയില്‍ നിന്ന് 41 സീറ്റുകള്‍ തിരിച്ചുപിടിച്ച ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ 250 സീറ്റുകള്‍ കടന്ന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് കണ്ണുമടച്ച്‌ പിന്തുണ നല്‍കിയിരുന്ന മുൻ കോണ്‍ഗ്രസിന്റെ കാലം ഇതോടെ അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പ്രതികരിച്ചു. ലോസ് ആഞ്ചലസില്‍ ജനവിധി തേടിയ മലയാളി സ്ഥാനാർഥി നിത്യ രാമൻ നേടിയ തിളക്കമാർന്ന വിജയവും ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ആകർഷണമായി.


കനത്ത തോല്‍വിക്ക് പിന്നാലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയില്‍ ആഭ്യന്തര ഭിന്നത രൂക്ഷമായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ട്രംപ് ഭരണകൂടത്തില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ വൈറ്റ് ഹൗസ് വൃത്തങ്ങളുമായി ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍, ഈ രാജി അഭ്യൂഹങ്ങള്‍ വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും നിഷേധിച്ചിട്ടുണ്ട്.


അതിനിടെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പദവിയില്‍ നിന്ന് നീക്കണമെന്ന ശക്തമായ ആവശ്യവും പാർട്ടിക്ക് ഉള്ളില്‍ നിന്ന് ഉയരുന്നുണ്ട്. എങ്കിലും ഹെഗ്സെത്തിന് പൂർണ പിന്തുണയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഭൗമരാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയ ട്രംപ്, ഇറാനെ സമ്പൂർണമായി നശിപ്പിക്കാൻ തനിക്ക് സാധിക്കുമെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയും വിഷയം പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.