ഇടുക്കി: ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണ മെഡലുകൾ വാരിുകൂട്ടി ഇടുക്കിയുടെ അഭിമാനതാരമായി വാഴത്തോപ്പ് ഭൂമിയാങ്കുളം മുണ്ടനാനിക്കൽ ജിൻസി ജോസ്. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനും കേരളത്തിനും വൻ നേട്ടം സമ്മാനിച്ച ജിൻസിക്ക് ജന്മനാടിന്റെയും കായിക സ്നേഹികളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.


തുടർച്ചയായി ഏഴ് തവണ ദേശീയ പഞ്ചഗുസ്തി ചാംപ്യനായിട്ടുള്ള ജിൻസി, സീനിയർ-മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ കേരളത്തിനായി നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിൽ നടന്ന പ്രശസ്തമായ പ്രോ പഞ്ച ഗുസ്തി ചാംപ്യൻഷിപ്പ് ഉൾപ്പെടെയുള്ള പ്രമുഖ വേദികളിൽ തിളങ്ങിയ ജിൻസി, സംസ്ഥാനത്തെ കായികരംഗത്തിന് തന്നെ വലിയൊരു മാതൃകയാണ്.


മാതൃകയായി കുടുംബവും; ഊർജ്ജമായി ഭർത്താവ് ലാലു


കരാട്ടെ മാസ്റ്ററായിരുന്ന ഭർത്താവ് ലാലു (എം.എ. ജോസ്) വഴിയാണ് ജിൻസി കായികരംഗത്തേക്ക് കടന്നുവരുന്നത്. 2018-ലുണ്ടായ ദാരുണമായ ഒരപകടത്തിൽ ലാലുവിന് ഇരു കാലുകളും നഷ്ടപ്പെടുകയും ചക്രക്കസേരയിലാകുകയും ചെയ്തു. എന്നാൽ ഈ പ്രതിസന്ധിയിലും തളരാതെ, ജിൻസിയുടെ പ്രധാന കോച്ചായി ഒപ്പം നിന്ന് പ്രചോദനം നൽകിയത് ലാലു തന്നെയാണ്. ഇവരുടെ അചഞ്ചലമായ ഇച്ഛാശക്തിയും കഠിനാധ്വാനവുമാണ് ഈ ചരിത്രവിജയങ്ങൾക്ക് പിന്നിലെ പ്രധാന ഊർജ്ജം.


അമ്മയുടെ വഴിയേ സഞ്ചരിച്ച് മകൾ ആൻസലറ്റും പഞ്ചഗുസ്തിയിൽ മെഡലുകൾ നീന്തിയെടുത്ത് ഈ കുടുംബത്തിന്റെ കായിക പാരമ്പര്യവും അഭിമാനവും വാനോളം ഉയർത്തുകയാണ്. പരിമിതികളെ കാറ്റിൽപ്പറത്തി നേടിയ ഈ വിജയം നാടിനാകെ വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.