തൊടുപുഴ: കലിഫോർണിയയിൽ നടന്ന ലോകപ്രശസ്തമായ അയൺമാൻ ട്രയാത്തലൺ (Ironman Triathlon) മൽത്സരം വിജയകരമായി പൂർത്തിയാക്കി കരിങ്കുന്നത്തിന് അഭിമാനമായിരിക്കുകയാണ് അനൂപ് തോമസ് മാത്യു. ജോലിയിലെ തിരക്കുകൾക്കൊപ്പം കഠിനാധ്വാനത്തിലൂടെ നേടിയ ഈ നേട്ടം നാടിന്റെ മുഴുവൻ അഭിനന്ദനങ്ങൾക്കും അർഹമാണ്.

​അമേരിക്കയിലെ സാക്രമെന്റോയിൽ ഒക്ടോബർ 18-ന് ആരംഭിച്ച് കലിഫോർണിയയിലാണ് അനൂപ് തന്റെ ആദ്യ അയൺമാൻ മൽത്സരം വിജയകരമായി പൂർത്തിയാക്കിയത്. 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, തുടർന്ന് 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവ ഉൾപ്പെടുന്ന അതികഠിനമായ ഈ മൽത്സരം വെറും സാധാരണക്കാരനല്ല മറികടന്നത്. ജോലിത്തിരക്കുകൾക്കിടയിലും മാസങ്ങൾ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് അനൂപ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

കരിങ്കുന്നം വെള്ളിമുഴിയിൽ റിട്ട. ബാങ്ക് മാനേജർ തോമസ് മാത്യുവിന്റെയും മോളിയുടെയും മകനാണ് അനൂപ്. കരിങ്കുന്നത്തിന്റെ മണ്ണിൽ വേരുകളുള്ള അനൂപിന്റെ ഈ തിളക്കമാർന്ന വിജയം നമ്മുടെ നാടിന് തന്നെ വലിയൊരു മാതൃകയാണ്. ഭാര്യ അൽമി കരിങ്കുന്നം മമ്മൂട്ടിൽ കുടുംബാംഗം,രണ്ട് മക്കൾ എന്നിവരോടൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലെ ഫ്രീമോണ്ടിലാണ് താമസിക്കുന്നത്.ഡോട്ട് എഐയുടെ സഹസ്ഥാപകനും ചീഫ് കസ്റ്റമർ ഓഫീസറുമാണ് അദ്ദേഹം.കടുംതണുപ്പുള്ള വെള്ളത്തിലെ നീന്തലും, വെല്ലുവിളികൾ നിറഞ്ഞ സൈക്ലിംഗും മാരത്തണും പിന്നിട്ട് ലക്ഷ്യം കണ്ട അനൂപ്, ജോലി ചെയ്യുന്ന പ്രവാസികൾക്കും യുവതലമുറയ്ക്കും ഒരുപോലെ പ്രചോദനമാകുന്നു.