Riyadh സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ ആറ് പൗരന്മാർക്ക് പരുക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ജനവാസ മേഖലയിൽ പതിച്ച ഷെല്ലുകൾ മുന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും ഭാഗികമായി നാശനഷ്ടമുണ്ടാക്കി. അതേസമയം, നജ്റാൻ പ്രവിശ്യയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സൗദി ദേശീയ ഗാർഡിൻ്റെ നിരീക്ഷണ ഹെലികോപ്റ്റർ (എഎച്ച്-6ഐ) തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവം അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സൗദി അറേബ്യയ്ക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. സൗദി കിരീടാവകാശിക്കും ഭരണാധികാരിക്കും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അനുശോചനം രേഖപ്പെടുത്തി. ഇതിനിടെ, അബായിൽ നൽകിയിരുന്ന അപായ മുന്നറിയിപ്പ് സൗദി സിവിൽ ഡിഫൻസ് പിൻവലിച്ചു. നിലവിൽ മേഖലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി യുഎഇ വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനുമായി കൂടിക്കാഴ്‌ച നടത്തി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്തു. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഈജിപ്ത‌് വ്യക്തമാക്കി. സൈനിക സഹായം നൽകുന്നതിനായി പാർലമെൻ്റിൻ്റെ അടിയന്തര അനുമതി തേടാൻ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്‌ദുൽ ഫത്താഹ് അൽ സിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്‌ത് വിദേശകാര്യ മന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി.ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തങ്ങൾ മുന്നോട്ടുവച്ച ഏഴു ദിവസത്തെ നിർദേശം ഇപ്പോഴും നിലനിൽക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി വ്യക്‌തമാക്കി. അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ ആറാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ഏഴാം ദിവസം ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.