ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള അതിഭീമൻ തമോഗർത്തത്തിന് സമീപം വെള്ളവും പ്രപഞ്ചധൂളിയും നിലനിൽക്കുന്നതായി കണ്ടെത്തി. അതിശക്തമായ വികിരണവും മറ്റ് കഠിന സാഹചര്യങ്ങളും നിലനിൽക്കുന്ന ഈ മേഖലയിൽ വെള്ളവും ധൂളിയും രൂപപ്പെടുകയും അതിജീവിക്കുകയും ചെയ്യുമെന്നതിന്റെ നിർണായക തെളിവാണ് പുതിയ കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ സജിറ്റേറിയസ് എ സ്റ്റാറിന് സമീപമുള്ള ഒരു പ്രായമായ നക്ഷത്രത്തിൽ വെള്ളത്തിന്റെയും കോസ്‍മിക് ധൂളിയുടെയും സാന്നിധ്യം കണ്ടെത്തിയത്. ഈ നക്ഷത്രം അതിഭീമൻ തമോഗർത്തത്തിൽനിന്ന് ഏകദേശം 0.55 പ്രകാശവർഷം മാത്രം അകലെയാണ്.


സജിറ്റേറിയസ് എ സ്റ്റാറിന് സമീപം വെള്ളം

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിഭീമൻ തമോഗർത്തത്തിന് ഏകദേശം നാല് ദശലക്ഷം സൂര്യന്മാരുടെ പിണ്ഡമുണ്ട്. അതിന് ചുറ്റുമുള്ള പ്രദേശം നിരവധി നക്ഷത്രങ്ങളാലും ശക്തമായ വികിരണങ്ങളാലും നിറഞ്ഞതാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ജല തന്മാത്രകൾക്കും പുതിയതായി രൂപപ്പെടുന്ന ധൂളിക്കും നിലനിൽക്കാൻ കഴിയുമോ എന്നത് ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെക്കാലമായി കൗതുകമായിരുന്നു. ഇപ്പോൾ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിരീക്ഷണങ്ങൾ ഈ ചോദ്യത്തിന് പുതിയ ഉത്തരം നൽകുകയാണ്. ജർമനിയിലെ കൊളോൺ സർവകലാശാലയിലെ ഫ്ലോറിയൻ പെയ്സ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ഗവേഷണത്തിന്‍റെ ഫലങ്ങൾ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.


ഐആർഎസ് 3 എന്ന പ്രായമായ നക്ഷത്രം

ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്തത് ഐആർഎസ് 3 എന്ന പ്രായമായ നക്ഷത്രത്തെയാണ്. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ഏറ്റവും തിളക്കമുള്ള മിഡ് ഇൻഫ്രാറെഡ് സ്രോതസുകളിലൊന്നാണിത്. നക്ഷത്രത്തിന്റെ പരിണാമത്തിലെ അവസാനഘട്ടങ്ങളിലൊന്നിലാണ് ഐആർഎസ് 3. ഈ ഘട്ടത്തിൽ ശക്തമായ നക്ഷത്രക്കാറ്റിലൂടെ വലിയ അളവിൽ വാതകവും ധൂളിയും നക്ഷത്രം പുറത്തേക്ക് പുറന്തള്ളുന്നു. ഇത്തരം നക്ഷത്രങ്ങളെ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിലെ പുനരുപയോഗ കേന്ദ്രങ്ങളോട് ഉപമിക്കുന്നു. നക്ഷത്രം പുറന്തള്ളുന്ന വസ്‍തുക്കൾ പിന്നീട് പുതിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണത്തിന് ആവശ്യമായ അസംസ്‍കൃത വസ്‍തുക്കളായി മാറാം.

അതിശക്തമായ വികിരണത്തിനിടയിലും ധൂളി

ക്ഷീരപഥത്തിന്റെ കേന്ദ്രം സാധാരണ നക്ഷത്രപ്രദേശങ്ങളിൽനിന്ന് ഏറെ വ്യത്യസ്‍തമാണ്. നിരവധി നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഈ മേഖലയിലെ വികിരണം വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ നക്ഷത്രങ്ങളിൽനിന്ന് പുറത്തേക്ക് വരുന്ന തന്മാത്രകളും ധൂളികണങ്ങളും ഇത്ര കഠിനമായ സാഹചര്യങ്ങളിൽ എങ്ങനെ നിലനിൽക്കുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ജെയിംസ് വെബ്ബിന്റെ മിഡ് ഇൻഫ്രാറെഡ് ഉപകരണം ഉപയോഗിച്ച് ഐആർഎസ് 3യിൽനിന്നുള്ള പ്രകാശത്തിന്റെ സ്പെക്ട്രം പരിശോധിച്ചാണ് ഗവേഷകർ നക്ഷത്രത്തിന് ചുറ്റുമുള്ള വസ്‍തുക്കളുടെ ഘടന പഠിച്ചത്.


10,000 ജ്യോതിശാസ്ത്ര ഏകകങ്ങൾ വരെ ധൂളി

നക്ഷത്രത്തെ ചുറ്റിയുള്ള ധൂളിയുടെ ഘടന പാളികളായി ക്രമീകരിച്ചിരിക്കുന്നതായി നിരീക്ഷണങ്ങളിൽ കണ്ടെത്തി. സിലിക്കേറ്റ് ധൂളി ഉൾപ്പെടുന്ന ഈ പുറംപാളി നക്ഷത്രത്തിൽനിന്ന് ഏകദേശം 10,000 ജ്യോതിശാസ്ത്ര ഏകകങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു. ഒരു ജ്യോതിശാസ്ത്ര ഏകകം ഭൂമിക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരത്തിന് തുല്യമാണ്. നക്ഷത്രത്തിന് സമീപമുള്ള ഭാഗത്ത് ഏകദേശം 927 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടെങ്കിലും പുറംഭാഗങ്ങളിൽ ഇത് മൈനസ് 173 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതായി പഠനം വ്യക്തമാക്കുന്നു.


ഐആർഎസ് 3യിൽ ആദ്യമായി വെള്ളത്തിന്റെ തെളിവ്

ഐആർഎസ് 3നെ ചുറ്റിയുള്ള വാതക-ധൂളി പാളിയിൽ വെള്ളത്തിന്റെ വ്യക്തമായ തെളിവും ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തി. ഈ നക്ഷത്രത്തിൽ വെള്ളം കണ്ടെത്തുന്നത് ഇതാദ്യമായാണ്. അതിശക്തമായ വികിരണം നിറഞ്ഞ അന്തരീക്ഷത്തിലും ജല തന്മാത്രകൾക്ക് നിലനിൽക്കാൻ കഴിയുമെന്നതാണ് കണ്ടെത്തലിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. എത്ര അളവിലാണ് വെള്ളം ഉള്ളതെന്ന് നിലവിലെ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമല്ല. എന്നാൽ വെള്ളത്തിന്റെ സാന്നിധ്യം മാത്രം തന്നെ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.


പുതിയ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും അസംസ്‍കൃത വസ്‍തുക്കൾ

വെള്ളവും പ്രപഞ്ചധൂളിയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണവുമായി ബന്ധപ്പെട്ട രാസപ്രക്രിയകളിലെ പ്രധാന ഘടകങ്ങളാണ്. അതിനാൽ ഐആർഎസ് 3 പോലുള്ള പ്രായമായ നക്ഷത്രങ്ങൾ പുറത്തേക്ക് പുറന്തള്ളുന്ന വസ്‍തുക്കൾ ഭാവിയിൽ രൂപപ്പെടുന്ന പുതിയ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ആവശ്യമായ വസ്‍തുക്കളുടെ ഭാഗമായേക്കാം. അതിഭീമൻ തമോഗർത്തത്തിന് സമീപം പോലും പ്രായമായ നക്ഷത്രങ്ങൾക്ക് തങ്ങളുടെ ചുറ്റുപാടിലേക്ക് ധൂളിയും തന്മാത്രകളും എത്തിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ വസ്‍തുക്കൾ എങ്ങനെ പുനരുപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകും.


ഗാലക്സികളുടെ കേന്ദ്രത്തെക്കുറിച്ചുള്ള ധാരണ മാറുമോ?

സാധാരണയായി അതിഭീമൻ തമോഗർത്തങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ അത്യന്തം പ്രതികൂലമായ അന്തരീക്ഷങ്ങളായാണ് കണക്കാക്കുന്നത്. എന്നാൽ പുതിയ കണ്ടെത്തൽ ഇത്തരം മേഖലകളിലും സങ്കീർണമായ തന്മാത്രകൾക്കും ധൂളിക്കും നിലനിൽക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. പ്രായമായ നക്ഷത്രങ്ങൾ ഗാലക്സികളുടെ കേന്ദ്രഭാഗങ്ങളിലേക്ക് പുതിയ ധൂളിയും തന്മാത്രകളും എത്തിക്കുന്നതിൽ വഹിക്കുന്ന പങ്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും പഠനം സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.