2026 -ൽ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ചിടത്തോളം തരുന്നത് അതിപ്രാധാന്യമുള്ള ഭാവി രാഷ്ട്രീയ സൂചകങ്ങളാണ്. കേരളത്തിലെ സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയവും, ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയവും ബിജെപിയുടെ മുന്നേറ്റവും കാണിക്കുന്നത് കേരള രാഷ്ട്രീയം കടന്നു പോകാനിരിക്കുന്ന പുതിയ വഴികളാണ്. മൂന്ന് മുന്നണികൾ എന്ന നിലയിലേക്ക് മാറുന്ന ഒരു രാഷ്ട്രീയ ചിത്രം അതിന്‍റെ സൂചനകൾ മുൻപ് തന്നെ വ്യക്തമായതാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അതു വ്യക്തമായ ചിത്രം കാട്ടിത്തരുന്നു. കേരള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ നീണ്ട ഒരു രാഷ്ട്രീയ യാത്രയുടെ മുഖ്യധാരാ പരിണാമം കൂടിയാണ് അത്. ഇതോടൊപ്പം കാണാൻ കഴിയുന്ന മറ്റൊരു യാഥാർത്ഥ്യമാണ് സമീപ നാളുകളിലെ ലോക വലതുപക്ഷ, തീവ്ര വലതുപക്ഷ രാഷ്ട്രീയ വിജയങ്ങൾ. ആ വിജയങ്ങൾ എല്ലാം തന്നെ ജനാധിപത്യ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാന പാഠങ്ങൾ തരികയാണ്.


നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി

തെരഞ്ഞെടുപ്പ് പരാജയം നേരിട്ട നേപ്പാളിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷം, ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി പരാജയപ്പെട്ടത് പോലെയുള്ള അവസ്ഥയെ നേരിടുകയാണെന്നുള്ള ചർച്ച മറ്റൊരു വഴിക്ക് നടക്കുന്നു. 40 ശതമാനം വോട്ടുമായി 1990 -കളിൽ തുടങ്ങി 2022 വരെ നിലനിന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഈ തെരഞ്ഞെടുപ്പിൽ 21 ശതമാനം വോട്ട് ഷെയറാണ് ലഭിച്ചത്. കേരളത്തിൽ സിപിഐ(എം) മുന്നണി നേരിട്ട 1977 -ലെ തെരഞ്ഞെടുപ്പ് പരാജയം പോലെ തന്നെയുള്ള ഒരു കമ്മ്യൂണിസ്റ്റ് പരാജയം കൂടിയാണ് ഇത്. ഇത്തരം ഒരു തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത് നേപ്പാളി രാഷ്ട്രീയ കമ്യൂണിസ്റ്റ് ഇടത്പക്ഷം നേരിടുന്ന പുത്തൻ രാഷ്ട്രീയ ചോദ്യങ്ങൾ കൂടിയാണ്. അവർ തിരിച്ചറിയാൻ ശ്രമിക്കുന്നത്, പുത്തൻ മുതലാളിത്ത വളർച്ചയുടെ കാലത്തെ, ഡാറ്റ സെൻട്രിക് (Data centric), ഫ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിന്‍റെ (Platform capitalism), അസറ്റ് മാനേജർ ക്യാപിറ്റലിസത്തിന്‍റെ (Asset Manager Capitalism) കാലത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം എങ്ങിനെ എന്നത്. മറ്റൊന്ന് അധികാരവും അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. പാർട്ടിയിൽ വരേണ്യവർഗ്ഗം രൂപപ്പെടുന്നത് എങ്ങിനെ തടയാൻ കഴിയും എന്നുള്ളത്. 'സോഷ്യലിസ്റ്റ് പ്രയോഗം' എന്നതിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ കൂടിയാണ് ഇവ. നേപ്പാൾ, തെക്കൻ ഏഷ്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിൻ്റെ ഏറ്റവും ശക്തമായ മുഖമായിരുന്നു.