തിരുവനന്തപുരം കിഫ്ബി വഴിയുള്ള കടമെടുപ്പു തുടരുന്നതിനെ, ധനമന്ത്രിയായിരിക്കെ കെ.എൻ.ബാലഗോപാൽ എതിർത്തിരുന്നതായി ഫയൽരേഖകൾ. കിഫ്ബി എടുക്കുന്ന വായ്‌പകൾ സംസ്‌ഥാന സർക്കാരിനു കടമെടുക്കാൻ അവകാശമുള്ള തുകയിൽനിന്നു കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു തുടങ്ങിയതോടെയാണ് ബാലഗോപാൽ എതിർപ്പുന്നയിച്ചത്.

കിഫ്‌ബി വായ്‌പയെടുക്കുന്നതു സർക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന് അന്നത്തെ ധനസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏതുതരത്തിൽ കിഫ്ബി കടമെടുത്താലും അതു സർക്കാരിൻ്റെ പരിമിതമായ ധനലഭ്യതയെയും ദൈനംദിന പ്രവർത്തനത്തെയും ബാധിക്കുമെന്ന് ബാലഗോപാൽ മുന്നറിയിപ്പു നൽകിയത്.

കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ അനുകൂലമായി വിധിവന്നാൽ മാത്രമേ കിഫ്ബി വഴി കടമെടുക്കുന്നതു സർക്കാരിനെ ബാധിക്കാതിരിക്കൂ എന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ഫയൽ കാണിക്കണമെന്നും കുറിച്ചു. എന്നാൽ, ധനമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചിട്ടും കിഫ്ബി ധനസമാഹരണം തുടരുകയായിരുന്നു.