തടിയമ്പാട് : അടിമാലി–കുമളി ദേശീയപാത 185-ന്റെ ഭാഗമായി പെരിയാർ നദിക്ക് കുറുകെ നിർമ്മിക്കുന്ന തടിയമ്പാട് പാലത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. ഇടുക്കി ജില്ലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകുന്ന പദ്ധതിയാണ് തടിയമ്പാട് പാലം.


കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 'സേതുബന്ധൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമ്മാണം നടത്തുന്നത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ 32 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏകദേശം 24.27 കോടി രൂപയാണ് നിർമ്മാണത്തിനായുള്ള ടെൻഡർ തുക.


223 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. വാഹനഗതാഗതത്തിനായി ഏഴ് മീറ്റർ വീതിയിൽ ടാറിങ് നടത്തും. പാലത്തിന്റെ ഇരുവശങ്ങളിലും ഓരോ മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കുന്നുണ്ട്. വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് ആരംഭിക്കുന്ന പാലം തടിയമ്പാട് ഫാത്തിമ മാതാ പള്ളിയുടെ മുന്നിലാണ് അവസാനിക്കുന്നത്.


ഇടുക്കി ഡാമിലെ ചെറുതോണി ഡാം ഷട്ടറുകൾ തുറന്നുവിടുന്ന സാഹചര്യത്തിൽ തടിയമ്പാട് നിലവിലുള്ള ചപ്പാത്ത് വെള്ളത്തിനടിയിലാകുന്നത് പതിവായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയും പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്തിരുന്നു.


പുതിയ ഉയരത്തിലുള്ള പാലം യാഥാർഥ്യമാകുന്നതോടെ ഡാമിലെ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിലും ഈ ഭാഗത്തെ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൈറ്റ്

പാലത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്ന എംപിയുടെ പ്രഖ്യാപനം പ്രദേശവാസികൾക്കും ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്കും പ്രതീക്ഷ നൽകുന്നതാണ്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാകുന്നതോടെ ഇടുക്കിയുടെ ഗതാഗത മേഖലയിൽ തടിയമ്പാട് പാലം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ബ്യൂറോ

ഇടുക്കി.