തൊടുപുഴ : കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ മേഖലയ്ക്ക് സമീപം പൊതു അവധി ദിവസങ്ങളുടെ മറവിൽ വൻതോതിൽ അനധികൃത മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മേഖലയിൽ വൻതോതിലുള്ള അനധികൃത ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്റ്ററുടെ അടിയന്തിര ഇടപെടൽ.
ജില്ലാ ജിയോളജിസ്റ്റിനോടും തൊടുപുഴ തഹസിൽദാരോടും നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്താനാണ് ജില്ലാ കളക്റ്ററുടെ നിർദേശം . ഖനനം മൂലം പ്രദേശത്തുണ്ടായിട്ടുള്ള ദുരന്ത സാധ്യത വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനും അനുമതിയില്ലാതെ മണ്ണെടുപ്പും ഖനനവും നടത്തിയെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
അനുമതിയില്ലാതെ ഭൂമി തരംമാറ്റാനോ ഖനനം നടത്താനോ ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥലമുടമയ്ക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും നടപടികളുടെ വിശദ വിവരങ്ങൾ ഉൾപ്പെടുന്ന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.





