ഉടുമ്പന്നൂർ: ആനശല്യം രൂക്ഷമായ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ കോട്ടക്കവല, കിഴക്കുംപാടം, വരിക്കമറ്റം, വേളൂർ, മലയിഞ്ചി, കച്ചിറമുഴി പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറിയിരിക്കുന്ന കാട്ടാനയെ കാടിനുള്ളിലേക്ക് തുരത്തി ഓടിക്കുന്നതിന്റെ (ഡ്രൈവ് ഓപ്പറേഷൻ) ഭാഗമായി, കോതമംഗലം, അറക്കുളം എന്നിവിടങ്ങളിൽ നിന്നെത്തിയ ആർആർടി (Rapid Response Team) സംഘാംഗങ്ങളുമായി വേളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് റോയ് കെ. പൗലോസ് എംഎൽഎ കൂടിക്കാഴ്ച നടത്തുകയും, വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

തുടർന്ന് സി.സി.എഫിനെ വിളിക്കുകയും മലയിഞ്ചിയിൽ നിന്നും കോട്ടക്കവല വരെയുള്ള 9 കിലോമീറ്റർ ഫെൻസിങ്ങിന്റെ (30 ലക്ഷം) തുടർച്ചയായി മൂന്നു കിലോമീറ്റർ കൂടി കച്ചിറമുഴിക്ക് ഫെൻസിങ് സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും ചെയ്തു.

തൊടുപുഴ റേഞ്ച് ഓഫീസർ മനു, കോട്ടക്കവല ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സജീ മേലാട്ടുകുന്നേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ, യുഡിഎഫ് ചെയർമാൻ പി. എൻ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ എൽദോസ്, പഞ്ചായത്ത് മെമ്പർമാരായ ജോൺസൻ കുര്യൻ, നൈസി ഡെനിൽ, സോമി അഗസ്റ്റിൻ, സാം ജേക്കബ്, അജോ ജോളി, നവാസ് എന്നിവർ സന്നിഹിതരായിരുന്നു.