അടിമാലി മുതൽ കുമളി വരെയുള്ള ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പുതിയ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റിയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ തുടർനടപടികൾക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംപി പറഞ്ഞു.
ഏകദേശം 80 കിലോമീറ്റർ ദൈർഘ്യമുള്ള അടിമാലി–കുമളി ദേശീയപാതാ പദ്ധതിയുടെ പുതിയ വിജ്ഞാപനത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നത്. പുതുക്കിയ അലൈൻമെന്റ് അനുസരിച്ച് 18 മീറ്റർ വീതിയിലുള്ള പാതയ്ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഫിനാൻസ് കമ്മിറ്റിയുടെ അന്തിമ അംഗീകാരം ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുമതി ലഭിച്ചാൽ തുടർനടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നും എംപി വ്യക്തമാക്കി.
ദേശീയപാതാ വികസനത്തിനായി നേരത്തെ 30 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് ‘ടു ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ’ രീതിയിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ നിലവിൽ അംഗീകരിച്ചിട്ടുള്ള അലൈൻമെന്റ് അനുസരിച്ചാണ് പദ്ധതിയുടെ തുടർനടപടികൾ മുന്നോട്ടുപോകുന്നത്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നത് ഇടുക്കിയിലെ വിവിധ മേഖലകളിൽ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ജില്ലയുടെ ഗതാഗത വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏറെ നിർണായകമായ പദ്ധതിയുടെ നിർമാണം വൈകുന്നതിൽ പ്രദേശവാസികളും യാത്രക്കാരും ആശങ്കയിലാണ്.
പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പദ്ധതിയുടെ തുടർനടപടികൾക്ക് വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ. അന്തിമ അനുമതിയും വിജ്ഞാപനവും എപ്പോൾ ഉണ്ടാകുമെന്നതും നിർമാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്നതുമാണ് ഇനി ഉറ്റുനോക്കുന്നത്.




