Panaji ഗോവയിലെ തുറമുഖ നഗരമായ വാസ്കോയിലെ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 150ലേറെ കടകൾ കത്തിനശിച്ചു. ആളപായമില്ല. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബുധനാഴ്ച അർധരാത്രിയോടെയാണ് മാർക്കറ്റിൽ തീ പടർന്നത്. കടകൾക്കും അവിടെയുണ്ടായിരുന്ന സാധനങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് വിൽപനയ്ക്കായി അവശ്യസാധനങ്ങൾ ശേഖരിച്ചുവെച്ച വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടായതിൽ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതരായ കടയുടമകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്. 24 മണിക്കൂറിനിടെ വാസ്കോയിൽ മൂന്ന് വ്യത്യസ്ത തീപിടിത്തങ്ങളാണ് ഉണ്ടായത്. ബുധനാഴ്ച രാത്രി 10.30ഓടെ വാസ്കോയുടെ പ്രാന്തപ്രദേശത്തെ ഒരു വീട്ടിലാണ് ആദ്യ തീപിടിത്തമുണ്ടായത്. തുടർന്ന് ഒരു ഗാരേജിലുണ്ടായ തീപിടിത്തത്തിൽ രണ്ട് വാഹനങ്ങൾ കത്തിനശിച്ചു. മിനിറ്റുകൾക്കുശേഷം നഗരത്തിലെ പ്രധാന മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി.ഇന്ത്യൻ നാവികസേന, തീരസംരക്ഷണസേന, ഗോവ കപ്പൽശാല ലിമിറ്റഡ്, മോർമുഗാവോ തുറമുഖ അതോറിറ്റി എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ വാഹനങ്ങൾ തീയണയ്ക്കാൻ എത്തിയിരുന്നു.