Peermade: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തിയതോടെ കർഷകർക്കിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു.ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും ഇതുസംബന്ധിച്ചുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ ശക്തമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോർട്ടികൾച്ചർ മിഷനും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കൻഡറി പ്രോസസിംഗ് യൂണിറ്റും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ പിതാക്കന്മാരും കർഷകരും പൊതുസമൂഹത്തിൻറെ ഭാഗമായിട്ടുള്ളവരും ഒക്കെ സമയാസമയങ്ങളിൽ അറിയിച്ച ആശങ്കകൾ വളരെ ഗൗരവത്തിലെടുത്തു കൊണ്ട് മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പ് മന്ത്രിയും വനംമന്ത്രിയും കൃഷിമന്ത്രി എന്ന രീതിയിൽ ഞാനും ഉൾപ്പെടെ നിരവധി തവണ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തിയതായും മന്ത്രി പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യവർധനവ് ഉറപ്പാക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.ഉൽപ്പാദനം മാത്രമല്ല, ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, ബ്രാൻഡിംഗ്, വിപണനം എന്നിവയും കാർഷിക മേഖലയിലെ പ്രധാന ഘടകങ്ങളാണ്.കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ-അന്തർദേശീയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച സാധ്യതകളുണ്ട്. നമ്മുടെ സ്വന്തം ബ്രാൻഡുകളിലൂടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലയിലെ കർഷക ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കേഷനും ബ്രാൻഡിംഗും ഉറപ്പാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആറുമാസത്തിനകം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ അന്താരാഷ്ട്ര എക്സ്പോർട്ട് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ വിളവെടുപ്പിന് ശേഷം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനും അവയുടെ സംസ്കരണം, പാക്കിംഗ്, പഴുപ്പിക്കൽ കേന്ദ്രങ്ങൾ, ശീതശൃംഖല സംഭരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയാണെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു.കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഓരോ മേഖലയ്ക്കും ആവശ്യമായ സമഗ്ര കാർഷിക ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 1,258 പച്ചക്കറി സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ 62 എണ്ണത്തിൽ ക്രമാതീതമായ അളവിൽ കീടനാശിനി അവശിഷ്ടങ്ങൾ കണ്ടെത്തിയത് അതീവ ഗൗരവകരമാണെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. ഭക്ഷ്യസുരക്ഷയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ജൈവകൃഷിക്കും സുരക്ഷിത ഭക്ഷ്യോത്പാദനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ പ്രധാന പ്രത്യേകത ജൈവ രീതിയിലുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൈവ കീടനാശിനികളും ജൈവ വളങ്ങളും ഉപയോഗിച്ച് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാർഷിക ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പി.ഡി.എസ് നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൈവ കേന്ദ്രീകൃതമായിട്ടുള്ള കാർഷിക പ്രവർത്തനത്തിൽ താഴെത്തട്ടിൽ നിന്ന് കർഷകരെ കൂട്ടിയോജിപ്പിച്ച് അവരുടെ കാർഷിക വിളകൾ മുഴുവൻ ഏറ്റെടുത്ത് പിഡിഎസ് എന്ന ഈ മനോഹരമായിട്ടുള്ള മാതൃകയിൽ കാർഷിക കേരളത്തിന് സംഭാവന ചെയ്യാനുള്ള ദീർഘവീക്ഷണം കാണിച്ച അഭിവന്ദ്യ അറയ്ക്കൽ പിതാവിനു എല്ലാ അഭിനന്ദനങ്ങളും മന്ത്രി അറിയിച്ചു. കാലപ്പഴക്കം മൂലം തകരാറിലായ മെഷീനറിയുടെ കാര്യത്തിൽ അവ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ മാറ്റാൻ പുതിയ മോഡലുകൾ സ്ഥാപിക്കാൻ ആവശ്യമായ പിൻബലം സംസ്ഥാന കൃഷി വകുപ്പ് പിഡിഎസിന് നൽകുമെന്ന് മന്ത്രി അറിയിച്ചു.
ഇടുക്കി ഉൾപ്പെടെയുള്ള മലനിര മേഖലകളിലെ കർഷകർ വർഷങ്ങളായി വിവിധ പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പരിസ്ഥിതി വകുപ്പ്, കൃഷിവകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ തമ്മിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും വിഷയങ്ങൾ വിശദമായി വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2021 മുതൽ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം നഷ്ടം സംഭവിച്ച കർഷകർക്ക് നൽകാനുള്ള ഏകദേശം 110 കോടി രൂപയുടെ നഷ്ടപരിഹാര കുടിശ്ശികയും ഈ മാസം നൽകുമെന്നും മന്ത്രി പറഞ്ഞു. വിളനാശ നഷ്ടപരിഹാര തുക 25 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് കാർഷിക നഷ്ടമുണ്ടാകുന്ന സാഹചര്യങ്ങളിൽ നൽകുന്ന നഷ്ടപരിഹാര തുക ഇരട്ടിയാക്കുന്നതിനുള്ള ഫയൽ വനംവകുപ്പും കൃഷിവകുപ്പും സംയുക്തമായി തയ്യാറാക്കി ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യമൃഗശല്യം തടയുന്നതിനായി ഈ വർഷം ഫോറസ്റ്റ് വകുപ്പ് 192 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്രയും വലിയ തുക ഇതിനുമുമ്പ് അനുവദിച്ചിട്ടില്ല. ഈ തുക ഫലപ്രദമായി വിനിയോഗിക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.സി.എ.ആർ., അമൃത സർവകലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളെ വിളിച്ചുചേർത്ത് ജൈവവേലി, സോളാർ ഫെൻസിംഗ്, ഹാങ്ങിംഗ് പവർ ഫെൻസിംഗ്, ട്രഞ്ചിംഗ്, മതിൽ നിർമ്മാണം തുടങ്ങി വിവിധ പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളും ചർച്ചകളും നടത്തിയതായും മന്ത്രി അറിയിച്ചു. ഇന്ന് കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. മഴക്കാലവും വേനൽക്കാലവും ഒരുപോലെ കാർഷിക മേഖലയെ ബാധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണ്. ജലസേചന വകുപ്പ്, കാർഷിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെ കാലാവസ്ഥാ പ്രതിരോധ കാർഷിക പദ്ധതികളും ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
The entire paddy procurement related dues could be paid. This achievement was achieved after a long time.
കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ തലങ്ങളിലുമുള്ള ഇടപെടലുകളും തുടരും. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി "കതിര് കാർഷിക ക്ലബ്" പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓരോ സ്കൂളിലും നോഡൽ അധ്യാപകൻ, പിന്തുണാ സമിതി, കതിര് മാർക്കറ്റ്, പരിശീലന പരിപാടികൾ എന്നിവ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കും. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായവും നൽകും. ഈ വർഷം 500 സ്കൂളുകളിൽ പദ്ധതി ആരംഭിക്കും. അടുത്ത വർഷം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യം. വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും അവർക്ക് ഗ്രേസ് മാർക്ക് നൽകുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ് എന്നതും അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കൻഡറി പ്രോസസിംഗ് യൂണിറ്റിനുള്ള സബ്സിഡി തുകയായ 35 ലക്ഷവും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റിനുള്ള സബ്സിഡി തുകയായ 12.25 ലക്ഷവും മന്ത്രി വിതരണം ചെയ്തു. പൂർണമായും ജൈവകാർഷിക മാർഗ്ഗങ്ങളിലേക്ക് മാറിയ ഉപ്പുതറയിലെ 36 കർഷകർക്ക് പാർട്ടിസിപ്പേറ്ററി ഗാരൻ്റി സിസ്റ്റം സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. പീരുമേട് എംഎൽഎ സിറിയക് തോമസ് അധ്യക്ഷനായിരുന്നു. കേരളത്തിന്റെ സമഗ്ര വികസനത്തിൽ കാർഷിക മേഖലയ്ക്ക് നിർണായക സ്ഥാനമുണ്ട്. കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ അനിശ്ചിതത്വം, ഉൽപ്പാദനച്ചെലവിലെ വർധന എന്നിവ നേരിടുന്ന കർഷകർക്ക് പ്രായോഗിക പിന്തുണ നൽകാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കർഷകസൗഹൃദ പ്രോത്സാഹന പദ്ധതികളിലൂടെ മേഖലയെ ആധുനികവും വാണിജ്യപരമായി ശക്തവുമാക്കാനുള്ള ശ്രമങ്ങൾ കൃഷിവകുപ്പ് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
വിശിഷ്ടാതിഥിയായിരുന്ന പി ഡി എസ് സ്ഥാപക ഡയറക്ടർ മാർ മാത്യു അറക്കലിനെ മന്ത്രി ആദരിച്ചു . സംസ്ഥാനതല അവാർഡ് ജേതാക്കളെ റോയി കെ പൗലോസ് എംഎൽഎ, സേനാപതി വേണു എംഎൽഎ എന്നിവർ ആദരിച്ചു. ഹോർട്ടി കോർപ്പ് മാനേജിങ് ഡയറക്ടർ സിന്ധു എസ് സ്വാഗതം ആശംസിച്ചു.എസ് എച്ച് എം മിഷൻ ഡയറക്ടർ ആശ എസ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡീന എബ്രഹാം, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം മിനി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ശാന്തി രമേശ്, ഒ എസ് ഉമർ ഫാറൂഖ്, സുഗുണൻ, ,അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോൺ പി തോമസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം നിക്സൺ ജോർജ് എന്നിവർ പങ്കെടുത്തു.





