തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യവും അന്തസ്സും ലക്ഷ്യമാക്കി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി വൻ വിജയത്തിലേക്ക്. നാളെ സൗജന്യ യാത്രാ പദ്ധതി 100 ദിവസം പൂർത്തിയാക്കുമ്പോൾ, ഇന്ദിരാ ഗ്യാരന്റിയിലെ ആദ്യ പ്രഖ്യാപനം സൂപ്പർഹിറ്റായി മാറി. സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം, ആദ്യ 97 ദിവസത്തിനിടെ 12.54 കോടി (12,54,03,152) സൗജന്യ യാത്രകളാണ് സംസ്ഥാനത്ത് നടന്നത്. ഇതുവഴി 266.53 കോടി രൂപയുടെ (2,66,53,07,108 രൂപ) ടിക്കറ്റുകൾ സർക്കാർ സ്ത്രീകൾക്ക് സൗജന്യമായി നൽകി. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്.
ആദ്യ ആഴ്ചയിൽ പ്രതിദിനം 11.08 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 13-ാം ആഴ്ചയായപ്പോൾ 13.93 ലക്ഷമായി ഉയർന്നു. 25.7 ശതമാനം വർധനവ്. ആദ്യ ആഴ്ചയിലെ പ്രതിദിന ടിക്കറ്റ് മൂല്യമായ 2.36 കോടി രൂപ 13-ാം ആഴ്ചയിൽ 2.95 കോടി രൂപയായും വർധിച്ചു. അതായത്, ടിക്കറ്റ് മൂല്യത്തിലും 25.1 ശതമാനം വർധനവ് ഉണ്ടായി. മാസങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ജൂൺ 15 മുതൽ 30 വരെ പ്രതിദിനം 12.12 ലക്ഷം പേരാണ് യാത്ര ചെയ്തത്. ജൂലൈയിൽ ഇത് 13.62 ലക്ഷമായും സെപ്റ്റംബർ ഒന്ന് മുതൽ 19 വരെ 13.99 ലക്ഷമായും ഉയർന്നു. ആഗസ്റ്റിൽ പ്രതിദിന ശരാശരി 12 ലക്ഷമായിരുന്നു.
സെപ്റ്റംബർ ഏഴിനാണ് പദ്ധതിയിലെ ഏറ്റവും ഉയർന്ന പ്രതിദിന യാത്രാ കണക്ക് രേഖപ്പെടുത്തിയത്. അന്ന് 15 ലക്ഷത്തിലധികം ആളുകൾ (15,52,761) യാത്ര ചെയ്തപ്പോൾ ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായിരുന്നു. ജൂലൈ ആറിലെ 15.28 ലക്ഷം എന്ന റെക്കോർഡാണ് ഇതിലൂടെ പഴങ്കഥയായത്. 14-ാം ആഴ്ചയിലെ ആറ് ദിവസത്തെ (ഞായറാഴ്ച ഒഴിവാക്കി) കണക്കുകൾ പ്രകാരം പ്രതിദിന യാത്രക്കാരുടെ എണ്ണം 14.96 ലക്ഷമാണ്. ആദ്യ ആഴ്ചയെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 29.4 ശതമാനവും മൂല്യത്തിൽ 29.2 ശതമാനവും വർധനവുണ്ടായി. ഇതിനൊപ്പം സെപ്റ്റംബറിലെ പ്രതിദിന കലക്ഷൻ ശരാശരി 5.75 കോടി രൂപയിലെത്തി. ജൂലൈയിലെ 5.45 കോടിയെയും ആഗസ്റ്റിലെ 5.43 കോടിയെയും മറികടന്ന് മികച്ച നിരക്കിലാണ് സെപ്റ്റംബറിലെ കലക്ഷൻ മുന്നേറുന്നത്.
ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ സൗജന്യ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 62 ശതമാനത്തിൽ നിന്നും നിലവിൽ 68.9 ശതമാനമായി ഉയർന്ന് സ്ഥിരത കൈവരിച്ചു. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ പ്രിയദർശിനി പദ്ധതി ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തിൽ നിന്നും 13-ാം ആഴ്ചയിൽ 6.19 ലക്ഷമായി സ്ഥിരതയോടെ തുടരുകയാണ്. എല്ലാ സർവീസുകളിലുമായുള്ള ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തിൽ നിന്നും 13-ാം ആഴ്ചയിൽ 27.63 ലക്ഷമായി വർധിച്ചു. ആകെ യാത്രക്കാരുടെ എണ്ണത്തിൽ 12.1 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.





