Idukkiഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രങ്ങൾ ഹൈക്കോടതിയുടെ കർശന ഉത്തരവുകൾ കാറ്റിൽപ്പറത്തിയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണം. മറ്റ് ജില്ലകളിൽനിന്ന് കൊണ്ടുവരുന്ന ആനകളെ 15 ദിവസത്തിൽ കൂടുതൽ ജില്ലയിൽ നിർത്തരുതെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ, കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ജില്ലയിലെ അടിമാലി, കുമളി, തേക്കടി, മൂന്നാർ, കൊരണ്ടിക്കാട്, കാർമ്മൽഗിരി തുടങ്ങിയ മേഖലകളിൽ യാതൊരുവിധ അനുമതിയുമില്ലാതെ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനെതിരെ 2019-ൽ തൊടുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, പെർഫോമിംഗ് അനിമൽ റൂൾസ് അനുസരിച്ച് രജിസ്റ്റർ ചെയ്ത ആനകളെ മാത്രമേ ആനസവാരിക്കായി ഉപയോഗിക്കാൻ പാടുള്ളൂ എന്നും, ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ആനസവാരി കേന്ദ്രങ്ങൾ അന്ന് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിനുപുറമെ, മറ്റ് ജില്ലകളിൽനിന്ന് ഇടുക്കിയിലേക്ക് കൊണ്ടുവരുന്ന ആനകളെ പതിനഞ്ച് ദിവസത്തിൽ കൂടുതൽ ഇവിടെ നിർത്താൻ പാടില്ലെന്ന കർശന നിർദ്ദേശം ചീഫ് വൈൽഡ് ലൈഫ് വാർഡനും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോഴും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി നിർബാധം തുടരുന്നത്.ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രിയിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്നാണ് ഗ്രീൻ കെയർ കേരള ആരോപിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സംഘടന സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്) തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയും ചട്ടലംഘനങ്ങളും അക്കമിട്ട് നിരത്തിയാണ് സംഘടന ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്.