അജ്‌ഞാത വാഹനമിടിച്ച് ചത്ത പൂച്ചപ്പുലിയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ എത്തിയപ്പോള്‍ കാണാതായി. അയ്യപ്പന്‍കോവില്‍ ആലടിയിലാണ് സംഭവം.ബുധനാഴ്‌ച പുലര്‍ച്ചെ സവാരിക്കിറങ്ങിയവരാണ് ആലടിക്കു സമീപം റോഡരിയില്‍ പൂച്ചപ്പുലിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടത്. മൊബൈലില്‍ ചിത്രം പകര്‍ത്തി ഇവര്‍ വനംവകുപ്പിന് നല്‍കി. ഏഴോടെ സ്വരാജ് ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെത്തി. എന്നാല്‍ ചത്ത ജീവിയുടെ ജഡം സ്‌ഥലത്ത് കണ്ടില്ല.
റോഡരിയില്‍ ചോരക്കറ ഉണ്ടായിരുന്നു. പുല്ല് ചാഞ്ഞുകിടന്നിരുന്ന സമീപ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ജഡം കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവ സ്‌ഥലത്തിന് താഴെ ഭാഗം കാടും കല്‍ക്കൂട്ടവും നിറഞ്ഞ പ്രദേശമാണ്. അവിടെയും തെരച്ചില്‍ നടത്തിയെങ്കിലും ചത്ത മൃഗത്തിന്റെ അവശിഷ്‌ടം പോലും കണ്ടില്ല.
തെരുവുനായ്‌ക്കള്‍ കൊണ്ടുപോയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. രണ്ടുവര്‍ഷം മുമ്പ് നാട്ടുകാര്‍ ഇവിടെ പുലിയെ കണ്ടിരുന്നു. പൂച്ചപ്പുലിയാണെന്നായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വനംവകുപ്പ് ക്യാമറ സ്‌ഥാപിച്ചെങ്കിലും ഒന്നിനേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.





