തൊടുപുഴ : ഭിന്നശേഷിക്കാരായ മക്കളെക്കുറിച്ച് മാതാപിതാക്കൾക്കുണ്ടായിരുന്ന ആകുലതകൾക്ക് സ്നേഹത്തിൽ ചാലിച്ച പരിചരണത്തിലൂടെ പ്രതീക്ഷ പകർന്ന സിസ്റ്റർ സിറിൽ പനിച്ചേപ്പിള്ളിൽ ഓർമയായി. തിരുഹൃദയ സന്യാസിനി സമൂഹ അംഗവും കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗവുമായ സിസ്റ്റർ, ചൊവ്വാഴ്ച രാവിലെയാണ് വിടവാങ്ങിയത്. ഔദ്യോഗിക ജീവിതത്തിലെ വിരമിക്കലിനുശേഷം 15 വർഷമായി പ്രതീക്ഷാഭവൻ സ്കൂളിന്റെ ഉന്നമനത്തിനായും കുഞ്ഞുങ്ങളുടെ എല്ലാ വിജയത്തിനായും ഒരു അമ്മയുടെ സ്നേഹവും പ്രാർഥനയും കരുതലും നൽകിയ സിസ്റ്ററിന്റെ വേർപാട് കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിനു പേരെ കണ്ണീരിലാഴ്ത്തി. പ്രതീക്ഷാഭവൻ സ്കൂളിന്റെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സ്നേഹ പൂർവമായ സാന്നിധ്യമായിരുന്നു സിസ്റ്റർ സിറിൽ (84). സ്കൂളിന്റെ ഓരോ പ്രവർത്തനത്തിലും അമ്മയുടെ സ്നേഹവും കരുതലും പ്രാർഥനയും നിറഞ്ഞു നിന്നിരുന്നു. സ്കൂളിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ചേർത്തു പിടിക്കുകയും ചെയ്തു. ഓരോ കുഞ്ഞിനെയും ചേർത്തു പിടിക്കാനും അവരുടെ സന്തോഷങ്ങളിലും വളർച്ചയിലും പങ്കുചേരാനും സിസ്റ്റർ കാണിച്ചിരുന്ന സ്നേഹം ഒരിക്കലും മറക്കാനാകില്ല. സിസ്റ്ററിന്റെ ജീവിതം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയായിരുന്നുവെന്നും പ്രതീക്ഷാ ഭവൻ സ്കൂളിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും സിസ്റ്റർ സിറിലിന്റെ സാന്നിധ്യം എന്നും വിലപ്പെട്ടതായിരുന്നുവെന്നും സ്കൂൾ അധികൃതർ അനുസ്മരിച്ചു. അവസാനമായി ഇക്കഴിഞ്ഞ 19ന് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂളിന്റെ സ്പോർട്സ് ഡേ സോക്കർ സ്കൂളിൽ നടത്തിയപ്പോൾ കുട്ടികളോടൊപ്പം സിസ്റ്റർ സിറിലും നിറസാന്നിധ്യമായിരുന്നു. ഇന്നലെ രാവിലെ മുതലക്കോടത്തെ സന്യാസ ഭവനത്തിൽവച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ സിസ്റ്ററെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടിയകാട് പനിച്ചേപ്പിള്ളിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ വ്യാഴം ഉച്ചകഴിഞ്ഞ് 2ന് മൈലക്കൊമ്പ് മഠത്തിൽ നടക്കും. പനിച്ചേപ്പിള്ളിൽ പരേതരായ സേവ്യറും ബ്രിജീത്തയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പരേതരായ ഏബ്രഹാം, മറിയക്കുട്ടി, ചാണ്ടി, ചിന്നമ്മ, ഏലിക്കുട്ടി, ജോസഫ്.





