കാൻപൂരിലെ ഒരു വസ്ത്രക്കട ജന്മദിനത്തോടനുബന്ധിച്ച് 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകിയ ഓഫർ വൻ ജനത്തിരക്കിന് കാരണമായി. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച പരസ്യം കണ്ട് ആയിരങ്ങൾ തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും തിക്കും തിരക്കും സംഘർഷവും ഉണ്ടാവുകയും ചെയ്തു. ഒടുവിൽ പോലീസ് ഇടപെട്ട് കടയുടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിലക്കുറവ് എവിടെയെങ്കിലും ഉണ്ടെന്ന പരസ്യം കണ്ടാൽ, അതിന്‍റെ ഗുണമേന്മയെ കുറിച്ചോ ഉപയോഗത്തെ കുറിച്ചോ ചിന്തിക്കാതെ ജനം തള്ളിക്കേറുന്ന പ്രവ‍ണത കൂടിവരികയാണ്. സമാനമായൊരു സാഹചര്യത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാൻപൂരിൽ വെറും 16 രൂപയ്ക്ക് വസ്ത്രങ്ങൾ വിൽക്കുന്നുവെന്ന പരസ്യം വലിയ ജനത്തിരക്കിനും അതുവഴി തിക്കിനും തിരക്കിനുമാണ് വഴിവെച്ചത്. ആൻവാർഗഞ്ച് മേഖലയിലെ ആലം മാർക്കറ്റിലുള്ള വസ്ത്രക്കടയിലാണ് സംഭവമെന്ന് റിപ്പോർട്ടുകൾ. കടയുടമ റയീസ് ആലം തന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒരു ഓഫർ പ്രഖ്യാപിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓഗസ്റ്റ് 16 -ന് അർധരാത്രിക്ക് ശേഷമുള്ള ആദ്യ 16 മിനിറ്റിൽ കടയിലെ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ആ വാഗ്ദാനം.

വമ്പൻ പരസ്യം, ഒടുവിൽ...

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും പ്രാദേശിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഓഫർ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഓഗസ്റ്റ് 15 -ന് രാത്രി 11 മണിയോടെ തന്നെ കടയ്ക്ക് മുന്നിൽ ആളുകൾ എത്തിത്തുടങ്ങി. അല്പ നേരത്തിനുള്ളിൽ കടയ്ക്കമുള്ളിൽ തടിച്ച് കൂടിയവർ ആയിരത്തോളം പേരാണ്. ഇതോടെ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കടയുടമയും സഹായികളം ഏറെ ബുദ്ധിമുട്ടി. ഒടുവിൽ തിരക്ക് നിയന്ത്രിക്കാനായി കട അടച്ചതോടെ ഓഫർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് കടയുടമയും ജീവനക്കാരും ജനക്കൂട്ടവും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീങ്ങിയെന്ന് പൊലീസ് പരാതിയിൽ പറയുന്നു. ഒടുവിൽ സംഗതി നിയന്ത്രണം വിട്ടതോടെ ആളുകൾ പരസ്പരം തള്ളുകയും ഓടുകയും ചിലർ വീണ് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.