ഒമാനുമായുള്ള ചർച്ചകൾ തുടരുന്നതിനിടെ ഇറാൻ തങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി IRGC (Islamic Revolutionary Guard Corps) കമാണ്ടറെ നിയമിച്ചു. മാർച്ചിൽ അലി ലാറിജാനി കൊല്ലപ്പെട്ട ശേഷം പദവിയിലെത്തുന്ന രണ്ടാമത്തെയാൾ. കടുത്ത യാഥാസ്ഥിതികനാണ്, മുഹമ്മദ് ബാഗറിന് പകരം സ്ഥാനമേറ്റ മൊഹ്‌സെൻ റെസായി. മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവുമാണ്. ചർച്ചകൾ തങ്ങളുടെ ഹോർമൂസ് നയത്തെ ബാധിക്കില്ലെന്നും അറിയിച്ചിരിക്കയാണ് ഇറാൻ. ലോകത്തിന് കനത്ത അടിയാണത്. ചർച്ചകൾ വിജയിച്ചാൽ ഹോർമൂസ് തുറക്കുമെന്ന പ്രതീക്ഷ ഇല്ലാതെയായി. കപ്പലുകൾ പുതിയ വഴികൾ കണ്ടുപിടിക്കുകയാണെന്നാണ് റിപ്പോർട്ട്. ഹോർമൂസ് വഴി രണ്ടും കൽപ്പിച്ചൊരു യാത്ര. അതാണിപ്പോൾ നടക്കുന്നത്. The New Normal ഇങ്ങനെയാവുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്.
കടുപ്പിക്കാൻ ഇറാൻ
മൊഹ്‌സെൻ റെസായി IRGC -യുടെ കമാണ്ടർ ഇൻ ചീഫായിരുന്നു. '81 മുതൽ '97 വരെ. ഇറാൻ - ഇറാഖ് യുദ്ധകാലം ഉൾപ്പെട്ട 16 വർഷം. മുജ്തബയുടെ ഉപദേഷ്ടാവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയാകുകയാണ്. കടുത്ത യാഥാസ്ഥിതികവാദികളാണ് മുജ്തബയും റസായിയും. മുഹമ്മദ് ബാഗേറും യാഥാസ്ഥിതികവാദിയാണ്. പിന്നെ എന്തിന് സ്ഥാനമാറ്റമെന്നാണ് അമ്പരപ്പ്. അണിയറയിലെ അഭിപ്രായ വ്യത്യാസങ്ങളാവാം എന്നൊരു നിഗമനമുണ്ട്. ഒമാനുമായി നടക്കുന്ന ചർച്ച ഹോർമൂസിനെക്കുറിച്ചല്ല. ഹോർമൂസ് തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ആറ് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് കഴിഞ്ഞയാഴ്ച ദേശീയ സുരക്ഷാ കൗൺസിൽ പുറപ്പെടുവിച്ച പ്രസ്താവന. ഇറാനെയോ ലബനൺ, പലസ്തീൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ സഖ്യകക്ഷികളെയോ ഇനി ആക്രമിക്കാൻ പാടില്ല, ഉപരോധം അവസാനിപ്പിക്കണം, സൈന്യത്തെ പിൻവലിക്കണം, ആസ്തികൾ വിട്ടുകൊടുക്കണം, യുദ്ധനഷ്ടപരിഹാരം നൽകണം എന്നൊക്കെയാണ് ആവശ്യങ്ങൾ. ചിലതൊക്കെ അമേരിക്ക അംഗീകരിക്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.
പരസ്പര ഉപരോധം
ട്രംപിന്‍റെ നിലപാട് മറ്റൊന്നാണ്. ചർച്ചയുടെ വേഗം മനഃപൂർവം കുറയ്ക്കുകയാണ് തങ്ങളെന്നും ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് കാത്തിരിക്കുകയാണെന്നുമാണ് പ്രസിഡന്‍റിന്‍റെ പക്ഷം. തങ്ങളുടെ അനുവാദം വാങ്ങാത്ത കപ്പലുകളെ ഹോർമൂസ് കടക്കാൻ ഇറാൻ അനുവദിക്കുന്നില്ല. അതേസമയം തന്നെ, ഇറാന്‍റെ തുറമുഖങ്ങൾ ഉപരോധിച്ചിരിക്കയാണ് അമേരിക്ക. അത് മറികടക്കുന്ന കപ്പലുകൾ അമേരിക്കയും ലക്ഷ്യമിടുന്നു. അമേരിക്കയുടെ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ തെറ്റിപ്പോയി. ഇറാനെ ആക്രമിച്ചതിലും പിന്നെ ഹോർമൂസിലും എന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. ചർച്ചകൾ തുടരുകയാണ്. അതിന്‍റെ അടിസ്ഥാനത്തിൽ ഹോർമൂസ് തുറക്കില്ലെന്നാണ് ഇറന്‍റെ നിലപാടെങ്കിലും ഖത്തറും ഒമാനും അറിയിക്കുന്നത് മറിച്ചാണ്.
വഴി, ഞങ്ങൾ തീരുമാനിക്കും
1968 മുതൽ International Maritime Organization (IMO) -ൻ നിർദ്ദേശിച്ച പാതയിലൂടെയായിരുന്നു കപ്പലുകളുടെ സഞ്ചാരം. ഇറാന്‍റെയും ഒമാന്‍റെയും സംയുക്ത ഉടമസ്ഥത. 1974 -ൽ ധാരണാപത്രം ഒപ്പിട്ടു. ഗതാഗത അതിർത്തികൾ വ്യക്തമാക്കുന്ന ധാരണ. യുഎന്നിലായിരുന്നു അത്. പക്ഷേ, ആ കപ്പൽപാതയിലാണ് യുദ്ധം തുടങ്ങിയതോടെ ഇറാൻ മൈനുകൾ നിക്ഷേപിച്ചത്. ഇപ്പോഴത്തെ സ്ഥിതിയിൽ അപകടകരം. ചില കപ്പലുകൾ അതുവഴി തന്നെ പോകുന്നു എന്നാണ് റിപ്പോർട്ട്. ചില കപ്പലുകൾ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തിടും, നിരീക്ഷണവും ആക്രമണവും എളുപ്പമാകില്ല. പക്ഷേ, അപകടമുണ്ടായാൽ ഇൻഷുറൻസ് കിട്ടില്ല. ഒമാൻ നിർദ്ദേശിച്ചൊരു പാതയുണ്ട്, IMO അത് അംഗീകരിച്ചു. എന്നാൽ, ഇറാൻ തള്ളിക്കളഞ്ഞു. ആ വഴി പോയ കപ്പലുകളെ ആക്രമിക്കുകയും ചെയ്തു. ഇറാൻ നിർദ്ദേശിച്ച പാതയിലൂടെ അനുവാദം വാങ്ങിപ്പോയാൽ മതിയെന്നാണ് ഇറാന്‍റെ നിലപാട്. അനുവാദം മാത്രമല്ല, വാടകയും. ഒരു ബാരൽ എണ്ണയ്ക്ക് 1 ഡോളർ. സാധാരണഗതിയിൽ ഒരു ദിവസം ഹോർമൂസ് കടക്കുന്നത് 2 കോടി ബാരലാണ്. അപ്പോൾ ഇറാന്‍റെ വരുമാനം ദിവസം 2 കോടി ഡോളർ.



