സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു
തൃശൂർ: കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ(90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ശെമ്മങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽ നിന്നാണ് സംഗീതത്തിൽ ശിക്ഷണം നേടിയ മങ്ങാട് നടേശൻ ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂർ നഗരത്തിൽ താമസമാക്കുകയായിരുന്നു.
ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹം കേരളത്തിലെ മികച്ച സംഗീതഗുരുനാഥന്മാരിൽ ഒരാളാണ്.
സംഗീതകലാ ആചാര്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, 2016ൽ സ്വാതി സംഗീത പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
ഭാര്യ: നിർമല. മക്കൾ. ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.